Monday, February 20, 2017

Poovar

ഇത് പൂവാർ. പഴയ പോക്കു മൂസാ പുരം. തെക്കൻ തിരുവിതാംകൂറിലെ സുപ്രസിദ്ധമായ AVM കനാൽ ഇവിടെയാണ്. യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുക്കളുടെ വാൾമുനയിൽ കുരുങ്ങാതിരിക്കാൻ കരുതി നടന്ന കാലം, പോക്കു മൂസാപുരത്തെ മൂസാ ഹാജിയുടെ അതിഥിയായി കഴിയുമ്പോഴാണ് അഗസ്ത്യകൂടത്ത് നിന്നും ഒഴുകിയെത്തുന്ന നെയ്യാറിന്റെ വശ്യസൗന്ദര്യത്തിൽ ആകൃഷ്ടനായത്.നെയ്യാർ അറബിക്കടലിൽ വിലയം ചെയ്യുന്നത് ഇവിടെ വച്ചാണ്.
ഇവിടെ പുഴ നിശ്ചലമാകുന്നു. ഒഴുക്ക് നഷ്ടപ്പെടുന്നു. വേലിയേറ്റത്തെ കാത്ത് കിടക്കുന്ന പുഴ. ഒരു തടാകം പോലെ നീണ്ടു നിവർന്നങ്ങനെ. പുഴ നിറയെ മരങ്ങളാണ്.മരങ്ങളിലാകെ ചുറ്റിപ്പടർന്നു വളരുന്ന പേരറിയാ വള്ളിച്ചെടികളും .പൂത്തുലയുന്ന ഇവയിൽ നിന്നും അടർന്നു വീഴുന്ന പൂക്കൾ പുഴയുടെ പ്രതലമാകെ മൂടും. അന്നും ഇന്നും. പൂ പടർന്നു നിറഞ്ഞു പതിയെ ചലിക്കുന്ന പുഴയെ നോക്കി മാർത്താണ്ഡവർമ്മ യുവരാജാവ് പറഞ്ഞു ,ഇത് പൂ ആറാണല്ലോ എന്ന്. അങ്ങനെയാണ് പോക്കു മൂസാപുരം പൂവാർ ആയതെന്നാണ് പഴമക്കാർ പറയുന്നത്.ഞാനറിയുന്ന പുഴയാണ് നെയ്യാർ. എന്റെ ബാല്യകൗമാരങ്ങളിൽ ഞാൻ കളിച്ചു കുളിച്ചു തിമർത്തത് ഈ പുഴയിലാണ്.അത് അരുവിപ്പുറത്തെയും നെയ്യാറ്റിൻകരയിലെയും നെയ്യാറിലാണ്. പൂവാറിലെ പുഴയെ കാണുന്നത് കുറച്ച് കാലം മുമ്പാണ്. പുഴ വെറുമൊരു പുഴയല്ലെന്നറിഞ്ഞത് അന്നാണ്. വർഷങ്ങൾക്ക് മുമ്പ് പുഴയുടെ പ്രഭവസ്ഥാനം തേടി അഗസ്ത്യാർകൂടത്തെ മലനിരകൾ സാഹസികമായി താണ്ടിയപ്പോഴും പുഴ ഒടുങ്ങുന്ന പൂവാറിലെ പുഴയെ എനിക്കറിയില്ലായിരുന്നു. എനിക്ക് ഏറെ പരിചിതമായ പൂവാറിൽ ഒരിക്കലും ഞാൻ കടന്നു ചെന്നിട്ടില്ലാത്ത പുഴയുടെ വിസ്മയത്തിലേക്കാണ് ഒരുച്ചകഴിഞ്ഞ നേരം ഞങ്ങൾ തുഴഞ്ഞെത്തിയത്. എങ്ങും പച്ചപ്പിന്റെ വർണ്ണാഭ. ഒപ്പം വിവിധ വർണ്ണങ്ങളിലെ പൂക്കളും.നിശ്ചലമായ നീലജലാശയം.പുഴയിലാകെ ഒഴുകിനടക്കുന്ന പൂക്കൾ. പുഴയിലാകെ പൂക്കൾ പരവതാനി വിരിച്ച പോലെ. ബോട്ട് ഉള്ളിലേക്ക് കടക്കുകയാണ്. പുഴയുടെ ഉള്ളിലാകെ ഊടുവഴികൾ. പുഴയിലേക്ക് വീണ് കിടക്കുന്ന വലിയ മരച്ചില്ലകൾ.അറിയാത്ത വഴികളിലൂടെ പുഴയുടെ വന്യ സൗന്ദര്യം നുകർന്നു നുകർന്നു ഞങ്ങൾ യാത്ര തുടർന്നു വിവരണാതീതമായ കാഴ്ചകളുടെ യാത്ര. ആകാശത്താകെ പാറിപ്പറക്കുന്ന കൃഷ്ണപ്പരുന്തുകൾ. മണിക്കുകൾ നീളുന്ന പുഴയാത്ര അവസാനിക്കുന്നത് പൊഴിക്കരയെന്ന കടൽക്കരയിലേക്കാണ്.
കുളിരാർന്ന പച്ചയുടെ നീണ്ട തുരങ്കങ്ങളിലൂടെയാണ് യാത്ര. വൃക്ഷലതാദികളുടെ പച്ചയാണ് പുഴയിലും പ്രതിഫലിക്കുന്നത്.ഈ പുഴയിൽ നമുക്ക് ആകാശം കാണാനാകില്ല.